ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ വിടും പരിസരവും അടിച്ച് തളിച്ച് വൃത്തിയാക്കി ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്.ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം.അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല.
ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)
പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു
Comments
Post a Comment